Wednesday, September 23, 2009

അസൂയ

അകലെനിന്നേ അറിയാം
അവന്റെ വിയർപ്പുമണം
കാക്കി നിക്കർ
ചന്തി കീറിയിരിക്കും
എന്നാലും കാണും
പോക്കറ്റിൽ ഒരു കണ്ണിമാങ്ങയോ
കശുവണ്ടിയോ എനിക്കുതരാൻ

വൈകുന്നേരം
സതി ടീച്ചറാണു പറഞ്ഞത്‌
അമ്പലപ്പറമ്പിൽ ആന വിരണ്ടു
ആനക്കൊമ്പിൽ തൂങ്ങി
അവൻ ആശുപത്രിയിലേക്കും
അവിടന്ന് ആംബുലൻസിൽ
വീട്ടിലേക്കും വന്നുവെന്ന്

ചെന്നു നോക്കി
വിയർപ്പിനു പകരം
മരുന്നിന്റെ മണം
കോടിത്തുണി പുതപ്പ്‌

- അസൂയ തോന്നിപ്പോയി

Monday, September 21, 2009

ടെററിസ്റ്റ് ,അവന്‍ നോക്കിക്കൊണ്ടിരിക്കുന്നു.

[ Wislawa Szymborska എഴുതിയ The Terrorist, He Watches എന്ന കവിതയുടെ വിവര്‍ത്തനം. ]


ബാറിനുള്ളിൽ ബോംബ്‌ ഉച്ചക്ക്‌ ഒന്നേ ഇരുപതിനു പൊട്ടിത്തെറിക്കും.
ഇപ്പോൾ സമയം ഒന്നേ പതിനാറുമാത്രം
ചിലർക്ക്‌ ഇനിയും അകത്തേക്കു പോകാൻ സമയമുണ്ട്‌,
ചിലർക്ക്‌ പുറത്തേക്കിറങ്ങാനും.
ആ ടെററിസ്റ്റ്‌ തെരുവിന്റെ മറുവശത്തേക്ക്‌ മാറിനിന്നു കഴിഞ്ഞു.
ദൂരം അയാളെ ഏതപകടത്തിൽ നിന്നും രക്ഷിക്കും,
മാത്രമോ, ക്രൗര്യം നിറഞ്ഞ കണ്ണുകൾക്ക്‌
എന്തൊരു കാഴ്ച്ചയാണിത്‌:
മഞ്ഞ ജാക്കറ്റണിഞ്ഞ ഒരു സ്ത്രീ, അവൾ അകത്തേക്കു പോകുന്നു.
കറുത്ത കണ്ണട വച്ചയൊരാൾ, പുറത്തേക്കിറങ്ങി.
ജീൻസിട്ട ചെറുപ്പക്കാർ, അവർ സംസാരിച്ചു കൊണ്ടു നിൽക്കുകയാണവിടെ.
ഒരു മണി പതിനേഴുമിനിട്ട്‌ നാലു സെക്കന്റ്‌.
ആ പൊക്കം കുറഞ്ഞയാൾ ശരിക്കും രക്ഷപെട്ടു, സ്കൂട്ടറിൽ കയറി പോകുന്നു.
ആ പൊക്കം കൂടിയ മനുഷ്യൻ, അയാൾ അകത്തേക്കു കടന്നു.
ഒരു മണി പതിനേഴു മിനിട്ട്‌ നാൽപത്‌ സെക്കന്റ്‌
അവിടെ ആ പെൺകുട്ടി, മുടിയിൽ പച്ച റിബ്ബൺ കെട്ടിയവൾ
കഷ്ടമായിപ്പോയി ബസ്സ്‌ കാഴ്ചയിൽ നിന്നു് അവളെ ഒന്നു മറച്ചത്‌.
ഒന്ന്‌ പതിനെട്ട്‌.
ആ പെൺകുട്ടിയെ അവിടിപ്പോൾ കാണാനില്ല.
അകത്തേക്കു പോകാൻ മാത്രം മണ്ടിയാണോ അവൾ, അതോ കയറിയിട്ടില്ലേ?
അത്‌ അവരെ പുറത്തേക്കെടുത്തുകൊണ്ടു വരുമ്പോൾ നമുക്കു കാണാം.
ഒന്ന്‌ പത്തൊൻപത്‌.
ആരും അകത്തേക്കു പോകുന്ന ലക്ഷണമില്ല.
മറിച്ച്‌, ഒരു തടിയൻ കഷണ്ടി പുറത്തേക്കിറങ്ങി വരുന്നുമുണ്ട്‌
അയാൾ പോക്കറ്റിൽ എന്തോ തപ്പിനോക്കുന്നതുപോലെ, എന്നിട്ട്‌
ഒന്ന് പത്തൊൻപത്‌ അൻപത്‌ സെക്കന്റ്‌
അയാളുടെ വൃത്തികെട്ട കയ്യുറകൾ തപ്പി അകത്തേക്കുതന്നെ തിരിച്ചുപോയി
ഒന്ന് ഇരുപത്‌
സമയം, എത്രയിഴഞ്ഞാണു പോകുന്നത്‌
ഇനി ഏതു നിമിഷത്തിലും സംഭവിക്കാം
ഇതുവരെ ആയിട്ടില്ല
അതെ, ഇതുതന്നെ
ബോംബ്‌, അത്‌ പൊട്ടിത്തെറിച്ചു.

Sunday, September 20, 2009

ബഖ്‌ബൂഖ്

[Dr. Shihab M. Ghanem എഴുതിയ BAKHBOOKH* എന്ന കവിതയുടെ വിവര്‍ത്തനം]
എന്റെ കൊച്ചുമകൾ ഹനൗഫിന്‌


ഞാൻ ഇടത്‌ കൈപ്പത്തി നടുവിൽ ഒരു നാണയം വച്ചു
അതിന്റെ മേലേക്കൊന്നൂതി
മറുകൈ കൊണ്ടതു മറച്ച്‌
അവളോടു പറഞ്ഞു: " പറ ബഖ്‌ബൂഖ്!"
അവൾ പറഞ്ഞു "ബ ബൂ"
ഞാൻ കൈകൾ തുറന്നു കാട്ടി
നാണയം എവിടെ?... എവിടെ?...
ഒരു ഞൊടികൊണ്ട്‌ അതപ്രത്യക്ഷമായി...
അവൾ പൊട്ടിച്ചിരിച്ചു... അദ്ഭുതം
അവളുടെ കണ്ണുകളിൽ തിളങ്ങി
അവൾക്ക്‌ - ദൈവം അവളെ കാക്കട്ടെ - രണ്ടു വയസ്സിൽ
താഴെയാണു പ്രായം
ബഖ്‌ബൂഖ്
ഞങ്ങളൂതിയ നാണയം അപ്രത്യക്ഷമായി.
അവൾ വെൽവറ്റുടുപ്പിട്ട
അവളുടെ വലിയ പാവയെ എടുക്കാനോടി
എന്റെ കൈകളിൽ വച്ചുതന്നു പറഞ്ഞു : "ബാ...ബൂ..."
ഞാൻ ഗദ്ഗദംകൊണ്ടടഞ്ഞുപോയ
ശബ്ദത്തിൽ ഒഴിഞ്ഞുമാറി:
"ഈ പാവ അപ്രത്യക്ഷമാക്കാൻ കഴിയുന്നതിനേക്കാളേറെ
മനോഹരമാണ്‌, എന്റെ പൊന്നുമോളേ..."

*"ബഖ്‌ബൂഖ്" എന്ന വാക്ക്‌ ചില അറേബ്യൻ രാജ്യങ്ങളിൽ വസ്തുക്കളെ അപ്രത്യക്ഷമാക്കാൻ മാന്ത്രികരുപയോഗിക്കുന്ന വാക്കാണ്‌, "അബ്രകദബ്ര"പോലെ.

Saturday, September 19, 2009

സുബര്‍ക്കം

വലിങ്ങനെ
മുരളാത്ത വണ്ടി കയറ്റം കയറുന്ന പോലെ
ആമിനുമ്മ ജിന്നുകളോടു പറഞ്ഞു:
"അര്‍ദ്ധരാത്രി എല്ലാ മക്കളും ഉറങ്ങുന്ന നേരം
ഒന്നു സുബര്‍ക്കം കാണിച്ചു തായോ."

കൈപിടിച്ച്‌ കെട്ടിയോനുറങ്ങുന്ന നേരം
ജിന്നു് അമിനുമ്മാനെ നക്ഷത്രങ്ങളിലൂടെ നടത്തി
സുബര്‍ക്കത്തിന്റെ പടിയിലെത്തിച്ചു.

മിന്നുന്ന നിലാവില്‍
തിളങ്ങി നിന്നിരുന്നു ആകാശം മുഴുവന്‍.
പ്രപഞ്ചം കീഴെ കോഴിമുട്ടപോലെ കിടക്കുന്നു.

ആമിനുമ്മ കൂട്ടിലെ കോഴികളെ, ആടുകളെ
സുബൈ ബാങ്കിനുണരുന്ന കെട്ടിയോനെ ഓര്‍ത്തു.

ജിന്നിന്റെ കൈവിട്ട്‌ പമ്പരം പോലെ കറങ്ങി
കറുത്തു പുകഞ്ഞ തന്റെ അടുക്കളയില്‍ വന്നു വീണു.
പാത്രങ്ങള്‍ കഴുകാനും ചായ വയ്കാനും തുടങ്ങി

Friday, September 18, 2009

അഭാവങ്ങളുടെ പ്രബോധകൻ

ഡൊം മൊറയ്സിന്‌

തിമിംഗലത്തിന്റെ പുറത്തിരിക്കുന്നതു

കണ്ടു അഭാവങ്ങളുടെ പ്രബോധകൻ .


വൃദ്ധന്റെ മുഖംമൂ ടിയണിഞ്ഞ്‌

കുട്ടി

ഒറ്റവിരൽ കൊണ്ട്‌ ജീവിതം ടൈപ്പു ചെയ്തുകൊണ്ടിരുന്നു .


അവസാനം കാണുമ്പോൾ കടൽത്തീരത്തായിരുന്നു

ഞണ്ടുകളുടെ വൃത്തത്തിനുള്ളിൽ

തന്റെ വൈകുന്നേരത്തിന്റെ നീളം എഴുതികൊണ്ടിരിക്കുന്നു .

Thursday, September 17, 2009

എല്ലാ പ്രഭാതങ്ങളിലും ആയിരക്കണക്കിന് മാലാഖമാരെ കൊന്നതിനു ശേഷം

ജാപ്പാനീസ് കവി റൈയൂച്ചി താമുറയുടെ കവിത

1
ഞാന്‍ ഒരു കുട്ടിയുടെ
“എല്ലാ പ്രഭാതങ്ങളിലും ആയിരക്കണക്കിന്
മാലാഖമാരെ കൊന്നതിനു ശേഷം ”എന്ന
കവിത വായിച്ചു.
കവിത ഞാന്‍ മറന്നു.,പക്ഷേ തലക്കെട്ട്
എന്നെ ഉപേക്ഷിച്ചു പോവുന്നില്ല.
ഞാന്‍ കുറച്ച് കാപ്പി കുടിച്ചു.
ലക്ഷക്കണക്കിനാളുകള്‍ വായിച്ച ഒരു പത്രം വായിച്ചു.
എല്ലാ ദുരിതങ്ങളും ലോകത്തിലെ എല്ലാ നാശവും
തലവാചകങ്ങളിലും ആകര്‍ഷക വാക്യങ്ങളിലും
പറ്റമായി അടുക്കിയിരിക്കുന്നു.
എനിക്ക് വിശ്വാസയോഗ്യമായ ഒരേയൊരു ഭാഗം
സാമ്പത്തിക പേജ് മാത്രമാണ്.

2
ആ കുട്ടിയുടെ പ്രഭാതങ്ങളും
എന്റെ പ്രഭാതങ്ങളും-
എപ്രകാരമാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്?

3
പക്ഷേ ആ കുട്ടിക്ക് മാലാഖമാരുടെ മുഖങ്ങള്‍ കാണാം.

4
അവരെ കൊന്നതിനു ശേഷം
നീയെന്താണ് ചെയ്യാറുള്ളത്?
ഞാന്‍ പുറത്ത് നടക്കാനിറങ്ങും.
എവിടെ?
വലിയ പാലം മുകളിലുള്ള
ഒരു നദിയിലേക്ക്.

എല്ലാ പ്രഭാതത്തിലും?
എല്ലാ പ്രഭാതത്തിലും എന്റെ കൈകള്‍ രക്തത്താല്‍
നനഞ്ഞിരിക്കുമ്പോള്‍ തന്നെ.

5
എനിക്ക് ആയിരക്കണക്കിന് മാലാഖമാരെ
കൊല്ലാന്‍ കഴിയില്ല.
പക്ഷേ ഒരു വരണ്ട പാതയിലൂടെ
കടല്‍ക്കരയിലേക്ക് ഞാന്‍ നടന്നു.
ചൂടുറ്റ ആകാശം ഇപ്പോഴും
വിയര്‍ത്ത ചുഴലിമേഘങ്ങള്‍ നിറഞ്ഞതാണ്.
കടലിന്റെ പിന്നീടുണ്ടായ നിറംവീഴ്ച്ച
ചക്രവാളത്തിലെ വേനല്‍ ആയിരുന്നില്ല.
ഇരുളിന്റെ എക്കലടിഞ്ഞ സ്ഥലങ്ങളിലൂടെ
ചെറിയ അരുവികള്‍ ഒഴുകുന്നു.
ക്ഷീണിച്ച സൂക്ഷ്മ തന്തുക്കള്‍
എന്റെ നേര്‍ത്ത കൈകളില്‍ പൊന്തിക്കിടക്കുന്നു.
ഒരു വലിയ പാലം നങ്കൂരമുറപ്പിക്കുന്നതിന്
ഇതിലിടമില്ല.

6
പാലത്തിന്റെ ഈയറ്റത്തെ നട്ടുച്ച
സര്‍വവും തിളങ്ങുന്നു.
ഷര്‍ട്ടിന്റെ ബട്ടനുകള്‍
ദ്രവിച്ച പല്ല്
ഒരു എയര്‍ റൈഫിള്‍
നിറമുള്ള ചില്ലു കഷ്ണം
പിങ്കു നിറത്തിലെ പുറന്തോട്
കടല്‍പ്പായലിന്റെ ഗന്ധങ്ങള്‍
നദീജലം സമുദ്രവുമായി ചേരുന്നത്
മണല്‍
കൂടാതെ
അത്രയും ദൂരെ
എന്റെ കാല്‍പ്പാടുകള്‍ പോലെ.

7
ഇനി എന്റെ ഊഴമാണ്
നിന്നോട് ലോകത്തെക്കുറിച്ച് ഞാന്‍ പറയാം
പാലത്തിന്റെ അങ്ങേയറ്റത്ത്
നിഴല്‍ ലോകം
വസ്തുക്കളും ആശയങ്ങളും പൂര്‍ണമായും നിഴല്‍ മാത്രം.
നിഴലുകള്‍ നിഴലുകളെ തിന്നുന്നു,
പടരുന്നു,ക്യാന്‍സര്‍ കോശങ്ങളെപ്പോലെ
ചുറ്റിലും പ്രസരിക്കുന്നു.
മുങ്ങിച്ചത്ത ശരീരങ്ങളിലെ ചീയുന്ന അവയവങ്ങള്‍
പച്ചച്ചിന്തകള്‍ ചീര്‍ത്ത് പുറത്തേക്ക് തള്ളുന്നു.
മധ്യകാല ചന്തകള്‍ കച്ചവടക്കാരേയും വേശ്യകളേയും
സന്യാസിമാരേയും കൊണ്ട് ഇളകിമറിയുന്നു.
പൂച്ചകള്‍ ആടുകള്‍ പന്നികള്‍ ,കുതിരകള്‍, പശുക്കള്‍
എല്ലാത്തരം മാംസങ്ങളും അറവുശാലകളില്‍ തൂങ്ങുന്നു.
പക്ഷേ ഒരിടത്തും രക്തം കാണാനില്ല.


8
അപ്പോള്‍,
ആയിരക്കണക്കിന് മാലാഖമാരെ കൊന്നില്ലെങ്കില്‍
എനിക്ക് പാലം കാണാന്‍ കഴിയില്ലേ?


9
എന്റെ കാമത്തെ പ്രധാനമായും-
ഉത്തേജിപ്പിക്കുന്ന കാഴ്ച്ചയേതാണ്?
കാലം അപ്രത്യക്ഷമായിക്കഴിഞ്ഞു.
സവാരിക്കാരനില്ലാത്ത ഒരു കറുത്തകുതിര
വെളിച്ചത്തിന്റെ ലോകത്തെ മുറിച്ചുകടക്കുന്നു.
പതിയെ,നിഴലുകളുടെ ലോകത്തിലേക്കാണെങ്കിലും
ക്ഷീണിച്ച്,അതു വീഴുന്നു.
കരയുന്ന മൃഗത്തിന്റെ കണ്ണീര്‍,പക്ഷേ ദ്രവിക്കല്‍
തിളക്കമാര്‍ന്ന് നേരിട്ട് എല്ലിലേക്കെത്തുന്നില്ല.
ശുദ്ധമായ വെളുത്ത എല്ല്
പിന്നെ ഭൂമിയിലേക്ക്.
വീണ്ടും പ്രഭാതം എത്തുന്നു.
എനിക്ക് പുറത്തു പോവണം,ജീവിക്കണം.
ആയിരക്കണക്കിന് മാലാഖമാരെ
കൊന്നതിനു ശേഷം.

കവി-റൈയൂച്ചി താമുറ,ജപ്പാന്‍
(Every morning after killing thousands of Angels
-Ryuichi Tamura)

കല്ലുമായി ഒരു വർത്തമാനം

[ Wislawa Szymborska എഴുതിയ Conversation With A Stone എന്ന കവിതയുടെ വിവര്‍ത്തനം. ]

ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്‌, അകത്തേക്കു വന്നോട്ടേ?"
എനിക്ക്‌ ആ ഉള്ളൊന്നു കാണണം
നിന്റെ ഗന്ധം കൊണ്ടു നിറയണം."

"ദൂരെ പോ," കല്ല്‌ പറയുകയാണ്‌
"ഞാൻ മുറുകിയടഞ്ഞിരിക്കുകയാണ്‌
നീയെന്നെ ചെറുതുണ്ടങ്ങളാക്കി നുറുക്കിയാലും
ഞങ്ങളെല്ലാവരും അടഞ്ഞുതന്നെയിരിക്കും
നിനക്ക്‌ ഞങ്ങളെ പൊടിച്ചു മണലാക്കാം
അപ്പോഴും നിന്നെ ഞങ്ങൾ അകത്തു വിടില്ല."

ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്‌, അകത്തേക്കു വന്നോട്ടേ?"
അടക്കാനാവാത്ത ആകാംക്ഷകൊണ്ടു വന്നതാണ്‌
ജീവിതത്തിനുമാത്രമേ അത്‌ ശമിപ്പിക്കാൻ കഴിയൂ
എനിക്ക്‌ നിന്റെ കൊട്ടാരത്തിലൂടൊന്നു ചുറ്റണം
എന്നിട്ടുവേണം ഇതുപോലെ ഇലയോടും
വെള്ളത്തുള്ളിയോടും ഒന്നു ചോദിക്കാൻ
എനിക്ക്‌ അധികം സമയമില്ല
എന്റെ നശ്വരതക്കു നിന്നെ തൊടണം".

"എന്നെ കല്ലുകൊണ്ടുണ്ടാക്കിയതാണ്‌." കല്ല്‌ പറയുകയാണ്‌,
"അതുകൊണ്ടുതന്നെ മുഖം കടുപ്പിച്ചു പിടിക്കണം.
പൊയ്ക്കൊളൂ
എനിക്കു ചിരിക്കാനുള്ള പേശികളില്ല."

ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്‌, അകത്തേക്കു വന്നോട്ടേ?"
മറക്കപ്പെട്ട്‌, സൗന്ദര്യം നിഷ്ഫലമായിക്കിടക്കുന്ന,
ആരുടേയും കാലൊച്ചകൾ മാറ്റൊലിക്കാത്ത,
നിശബ്ധമായ, ഒഴിഞ്ഞ, ഗംഭീരൻ തളങ്ങൾ
നിന്റെ ഉള്ളിലുണ്ടെന്നു ഞാൻ കേൾക്കുന്നു.
നിനക്കുതന്നെ അവയെക്കുറിച്ച്‌ നന്നായൊന്നും
അറിയില്ലായെന്ന് സമ്മതിച്ചോളൂ."

"ഗംഭീരം, ശൂന്യം. ശരിതന്നെ," കല്ല് പറയുകയാണ്‌
"പക്ഷെ അവിടെ ഇടമില്ല.
സുന്ദരം, ശരിയായിരിക്കാം, പക്ഷെ
നിന്റെ ഇന്ദ്രിയങ്ങൾക്ക്‌ അത്‌ ആസ്വദിക്കാനുള്ള ശക്തി പോര.
നിനക്കെന്നെ അറിയാമായിരിക്കാം, പക്ഷെ ഒരിക്കലും
മുഴുവൻ എന്നെ മനസിലാക്കാൻ നിനക്കു കഴിയില്ല.
എന്റെ പുറം നിനക്കുനേരേ തിരിഞ്ഞിരിക്കും,
എന്റെ ഉള്ളുമുഴുവൻ നിനക്കെതിരെയും."

ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്‌, അകത്തേക്കു വന്നോട്ടേ?"
അനശ്വരതയിലേക്കുള്ള അഭയം അന്വേഷിക്കാനല്ല,
ഞാൻ അസന്തുഷ്ടയല്ല, ദരിദ്രയല്ല,
എന്റെ ലോകം മടങ്ങിയെത്താൻ മാത്രം വിലയുള്ളതുമാണ്‌.
വെറും കൈയോടെ അകത്തു വരികയും
പുറത്തിറങ്ങുകയും ചെയ്യാം.
അവിടെ വന്നതിനു തെളിവ്‌
ആരും വിശ്വസിക്കാത്ത എന്റെ വാക്കുകൾ മാത്രമായിരിക്കും."

"നീ അകത്തേക്കു കടക്കണ്ട" കല്ല് പറയുകയാണ്‌.
നിനക്ക്‌ പങ്കുചേരലിന്റെ പൊരുളറിയില്ല
നിന്റെ മറ്റൊരു കാഴ്ച്ചപ്പാടിനും ഇതിനു പകരമാവാൻ പറ്റില്ല
നിന്റെ വീക്ഷണം എത്ര ഉന്നതമായാലും
പങ്കുചേരലിന്റെ പൊരുളറിയാതെ അത്‌ നിനക്കൊന്നും നേടിത്തരില്ല.
നിനക്ക്‌ ആ അറിവ്‌ എന്തായിരിക്കണം എന്നതിന്റെ ധാരണ മാത്രമേയുള്ളു,
അതിന്റെ വിത്ത്‌ മാത്രം, ഭാവന."

ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്‌, അകത്തേക്കു വന്നോട്ടേ?"
എനിക്കിനി രണ്ടായിരം നൂറ്റാണ്ടുകൾ സമയമില്ല,
എന്നെ നിന്റെ മേൽക്കൂരക്കുകീഴിലൊന്നു കടക്കാനനുവദിക്കൂ."

നിനക്ക്‌ എന്നെ വിശ്വസമില്ലെങ്കിൽ," കല്ല് പറയുകയാണ്‌,
"ഇലയോടു ചോദിക്ക്‌, അതും ഇതുതന്നെ പറയും.
ഒരു തുള്ളി വെള്ളത്തോടു ചോദിക്ക്‌, ഇല പറഞ്ഞതു തന്നെ പറയും.
ഒടുക്കം നിന്റെ മുടിനാരിനോടു ചോദിക്ക്‌.
ഞാൻ പൊട്ടിച്ചിരി നിറഞ്ഞ്‌ ഉടഞ്ഞുചിതറാറായി,
അതെ , പൊട്ടിച്ചിരി തന്നെ, അടക്കാനാവാത്ത പൊട്ടിച്ചിരി,
എനിക്ക്‌ എങ്ങനെ ചിരിക്കണം എന്നറിയില്ലെങ്കിലും."

ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്‌, അകത്തേക്കു വന്നോട്ടേ?"

"എനിക്ക്‌ ഒരു വാതിലില്ല," കല്ല് പറയുകയാണ്‌.