Monday, January 11, 2016

തോട്ടിൻ കരയിൽ അവൻ ചൂണ്ടയിട്ടിരുന്നു

തോട്ടിൻ കരയിൽ
അവൻ
ചൂണ്ടയിട്ടിരുന്നു

ചൂണ്ട, സുതാര്യമായി
പ്രപഞ്ചം മുഴുവൻ നീണ്ടുകിടന്നു
ഇര, കോടാനുകോടി വർഷത്തെ
പരിണാമത്തിന്റെ
അഹങ്കാരത്തിൽ മുങ്ങിയും

ഇലകളിൽ, അവന്റെ മുടിയിൽ
കാറ്റിരുന്ന്
ആഴത്തിൽ നീന്തുന്ന മീനിനെ നോക്കി
കുളിർത്തു

അവൻ
തോട്ടിൻ കരയിൽ, കടവിൽ
കണ്ടലുകൾ വളർന്ന നിശബ്ദതയിൽ
ഒരോളത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയായ്,
ചൂണ്ടപ്പിടിക്കിപ്പുറത്ത്
കൈകളായ്, ദേഹമായ് ചുരുണ്ടിരുന്നു

തോട്ടിൻ കരയിൽ
നട്ടുച്ചക്കപ്പുറത്തേക്ക് നീട്ടിയെറിഞ്ഞ നോട്ടം
പൊടിമീനുകൾ
വരഞ്ഞ ചിത്രങ്ങളിൽ കൊളുത്തിക്കിടന്നു
കണ്ണുകൾക്കപ്പുറത്തേക്ക്
ആഴ്ന്നു മറഞ്ഞു

അനന്തരം

ധ്യാനത്തിന്റെ സുതാര്യശീലയ്ക്കപ്പുറം
ചൂണ്ടയും ഇരയും മീനും അവനും
ഒരു ദീർഘനിശ്വാസത്തിലേക്ക്
എഴുന്നേറ്റുനടക്കുകയും ചെയ്തു

Friday, January 25, 2013

ഇവിടെ, നിശബ്ധമായ ചില ഓർമകൾ, മണങ്ങൾ


ഇവിടെ
നിശബ്ധമായ ചില ഓർമകൾ, മണങ്ങൾ

തെരുവിലേക്കൊന്ന് ഇറങ്ങി നോക്കട്ടെ
വെയിലുപെയ്യുന്നതു കാണാം
കാറുകൾ ഒഴുകുന്നതും
കുട്ടികൾ നടക്കുന്നതും
റോഡ് കടലിലേക്കൊഴുകുന്നതും കാണാം
ആകാശത്ത്
കടലുപോലെ മേഘങ്ങൾ
കപ്പലിറക്കാൻ തോന്നും
കുതിച്ചുനീന്താനും

എന്തു പറഞാലും തെരുവിൽ
നീയും ഞാനും
നടന്ന വഴികൾ ഇപ്പോഴുമുണ്ട്
നമ്മൾ കാത്തുനിന്ന ബസ്സുകൾ
കയറിയ ​‍ാട്ടോറിക്ഷകൾ
എല്ലം ഇപ്പോഴും അതുപോലെതന്നെ

ഞാനില്ലാതായതും
നീ അലിഞ്ഞുപോയതും
അവരറിഞ്ഞപോലെ, എന്നെ നോക്കാറേയില്ല

നിഴലുപോലത്തെ പ്രകാശങ്ങളേ
വഴിയരികിൽ
ചിതറിവീണ
ഇലകളുടെ കാലൊച്ചകൾ
തെരുവുകടന്നുപോയത്
നിങ്ങളറിഞ്ഞിരുന്നോ

തെരുവിലേക്കൊന്ന് ഇറങ്ങി നോക്കട്ടെ

Monday, October 1, 2012

മരങ്ങളേ!
ആകാശത്തുനിന്നെങ്ങാൻ
ഒരിക്കൽ
താഴേക്കുവീണ അമ്പുകളാണോ നിങ്ങൾ?
ഏതുഗ്രയോധാക്കളാണു നിങ്ങളെ
താഴേക്കെറിഞ്ഞത്? നക്ഷത്രങ്ങളോ?

നിങ്ങളുടെ സംഗീതം
പക്ഷികളുടെ ആത്മാവിൽനിന്ന്
പൊട്ടിമുളച്ചത്...
ദൈവത്തിൻറ്റെ കണ്ണുകളിൽനിന്ന്...
പരിപൂർണ ആസക്തിയിൽനിന്ന്...

മരങ്ങളേ!

നിങ്ങളുടെ ബലിഷ്ഠമായ വേരുകൾ
മണ്ണിനടിയിലെ എന്റെ
ഹൃദയത്തെ അറിയുന്നുവോ?

------------------------------------------------------
Trees (1919) Garcia Lorca

Wednesday, September 26, 2012

ഈ വെയിലത്ത്‌
ഉരുകി ഒഴുകുന്ന കാഴ്ച്ചകളേ...

വാക്കുശില്പങ്ങളായി
സുതാര്യ നിഴലുകളായി
ആ വൈകുന്നേരമായി

എന്നു നിങ്ങൾ തിരികെയെത്തും...

Monday, November 23, 2009

കാട്‌ കാടാകുന്നതിനുപിന്നിൽ

കാട്‌ കാടാകുന്നതിനുപിന്നിൽ
ചെറിയ ചില കാറ്റുകൾ
കരിയിലകളിലൂടെ പായുന്ന ജീവൻ
വിശപ്പ്‌
പുൽച്ചാടി
പതുങ്ങിയെത്തുന്ന ഗർജ്ജനങ്ങൾ
ചിതറിവീഴുന്ന കിളിയൊച്ചകൾ
തൂവൽ, ഇരുട്ടും എട്ടുകാലികളും
ശബ്ദമില്ലാതെ മണ്ണിനും മരത്തിനും
പുറത്തേക്കു തെറിക്കുന്ന കൂണുകൾ
ഇന്നലെ മഴയത്ത്‌
ഇലകളിൽ തങ്ങിയ വെള്ളം തുള്ളിയിടുന്നത്‌
എല്ലാം ഭാരമില്ലാതെ
നിശബ്ദമാകുന്നതാണ്‌

ഇന്നലെ ഒറ്റയിരുപ്പിൽനിന്നെണീറ്റുപോയ
കരിങ്കൽ ദൈവം
കൈതൊട്ട്‌ തീപിടിപ്പിച്ചെടുക്കുവോളം
അസ്തമയംവരെ പച്ചയായും
പിന്നെ കറുത്തും
കാട്‌ കാടാകുന്നു

കാട്‌ കാടാകുന്നതിനുപിന്നിൽ
ഞാൻ നാടുകണ്ടതിന്റെ ഓർമയാണ്‌
അടുപ്പൂതിയൂതി ചുവന്ന കണ്ണുകളാണ്‌
ചെറിയ ചില കാറ്റുകൾ
ഇപ്പോഴും പടർത്തുന്ന മണങ്ങളും
രാത്രിയുടെ നീലിച്ച ശബ്ദങ്ങളുമാണ്‌

കാട്‌ കാടാകുന്നതിനുപിന്നിൽ
ചെരുപ്പത്തിൽ കണ്ട നീലപാവാടയും
പിണഞ്ഞ കാലുകളും കിതപ്പുമാണ്‌
എല്ലാം ഭാരമില്ലാതെ
നിശബ്ദമാകുന്നതാണ്‌

http://boolokakavitha.blogspot.com/2009/11/blog-post_4878.html

Friday, November 20, 2009

നിശ്ശബ്‌ദലോകം

[ Jeffrey McDaniel (1967 / Philadelphia, Pennsylvania) എഴുതിയ The Quite World എന്ന കവിതയുടെ വിവര്‍ത്തനം. ]

കണ്ണിൽകണ്ണിൽ നോക്കിയിരുപ്പ്‌
ശീലിപ്പിച്ചെടുക്കാൻ
സർക്കാർ ഓരോ ആൾക്കും
ദിവസം ഉപയോഗത്തിന്‌
നൂറ്റി അറുപത്തേഴുവാക്ക്‌
എന്നു നിശ്ചയിച്ചു

ഫോണടിച്ചാൽ, ഹലോ പറയാതെ
ഞാനത്‌ കാതോടുചേർക്കും
റസ്റ്റോറന്റിൽ ചിക്കൻ നൂഡിൽ
സൂപ്പിനുനേരേ വിരൽ ചൂണ്ടും
പുതിയ വഴിയിലേക്ക്‌ ഞാനിണങ്ങിക്കഴിഞ്ഞു

അർദ്ധരാത്രി, അതിദൂരെയുള്ള
കാമുകിയോട്‌, ഇന്നു ഞാൻ ആകെ
അമ്പത്തൊമ്പത്‌ വാക്കു മാത്രമേ
ഉപയോഗിചുള്ളുവെന്ന് ഊറ്റംകൊണ്ടു
ബാക്കി നിനക്കുവേണ്ടി ബാക്കിവച്ചതാണ്‌

അവൾ മറുപടി പറയാതിരിക്കുമ്പോൾ
എനിക്കറിയാം, അവളുടെ മുഴുവൻ
വാക്കുകളും ഉപയോഗിച്ചു തീർന്നുവെന്ന്

ഞാൻ പതിയെ 'ഐ ലവ്‌ യു' എന്ന്
ഫോണിൽ മുപ്പത്തി മൂന്നുപ്രാവശ്യം മന്ത്രിച്ചു
ശേഷം, ഞങ്ങൾ പരസ്പരം
നിശ്വാസങ്ങൾ മാത്രം കേട്ട്‌ അങ്ങനെയിരുന്നു.


http://boolokakavitha.blogspot.com/2009/10/blog-post_1723.html

Saturday, November 14, 2009

നിശബ്ദം

എത്തിച്ചേർന്ന
കുന്നിന്റെ നെറുകയിൽ
നടപ്പാതയുമവളുമൊപ്പം
നിശബ്ദതയിൽ
പൊതിഞ്ഞ
സ്മരണകൾ പോലെ നിന്നു

കുന്നിന്റെ താഴ്‌വാരങ്ങളിൽ
അതിന്റെ വായിൽനിന്നടർന്ന
വാക്കുകൾ പോലെ
ചിതറിക്കിടക്കുന്ന
പാറകള്‍

എന്നും കാണാറുള്ള
ഒരു കാറ്റ്‌
പെട്ടെന്ന്
നടപ്പാതയുടെ കൈവിടുവിച്ച്‌
അവളേയും കൊണ്ട്‌
കുന്നിന്റെ
കൗതുകമാർന്ന
ആഴങ്ങളിലേക്കു പോയി

കാറ്റ്‌
തിരികെ കൊണ്ടുവരുന്ന
അവളെയും കാത്ത്‌
നടപ്പാതയിന്നും
അവിടെനിൽപ്പാണ്‌