Monday, January 11, 2016

തോട്ടിൻ കരയിൽ അവൻ ചൂണ്ടയിട്ടിരുന്നു

തോട്ടിൻ കരയിൽ
അവൻ
ചൂണ്ടയിട്ടിരുന്നു

ചൂണ്ട, സുതാര്യമായി
പ്രപഞ്ചം മുഴുവൻ നീണ്ടുകിടന്നു
ഇര, കോടാനുകോടി വർഷത്തെ
പരിണാമത്തിന്റെ
അഹങ്കാരത്തിൽ മുങ്ങിയും

ഇലകളിൽ, അവന്റെ മുടിയിൽ
കാറ്റിരുന്ന്
ആഴത്തിൽ നീന്തുന്ന മീനിനെ നോക്കി
കുളിർത്തു

അവൻ
തോട്ടിൻ കരയിൽ, കടവിൽ
കണ്ടലുകൾ വളർന്ന നിശബ്ദതയിൽ
ഒരോളത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയായ്,
ചൂണ്ടപ്പിടിക്കിപ്പുറത്ത്
കൈകളായ്, ദേഹമായ് ചുരുണ്ടിരുന്നു

തോട്ടിൻ കരയിൽ
നട്ടുച്ചക്കപ്പുറത്തേക്ക് നീട്ടിയെറിഞ്ഞ നോട്ടം
പൊടിമീനുകൾ
വരഞ്ഞ ചിത്രങ്ങളിൽ കൊളുത്തിക്കിടന്നു
കണ്ണുകൾക്കപ്പുറത്തേക്ക്
ആഴ്ന്നു മറഞ്ഞു

അനന്തരം

ധ്യാനത്തിന്റെ സുതാര്യശീലയ്ക്കപ്പുറം
ചൂണ്ടയും ഇരയും മീനും അവനും
ഒരു ദീർഘനിശ്വാസത്തിലേക്ക്
എഴുന്നേറ്റുനടക്കുകയും ചെയ്തു