Wednesday, October 14, 2009

നൊയ്യൽ - 0 കി.മി.

കാങ്കയം വഴി
പരമത്തിക്കുപോകുമ്പോഴാണ്‌
നൊയ്യൽ

പച്ച, പിന്നെയും പച്ചപ്പ്‌
കറുത്ത വയലുകൾ
കരിമ്പിൻ തോട്ടങ്ങൾ
കുടിലുകൾ, എരുമ
പുളിമരങ്ങളും കുഴൽക്കിണറും
കടിച്ചുകുടയുന്നപോലെ തമിഴ്‌
വെറ്റില മുറുക്കിച്ചുവപ്പിച്ച്
തിളങ്ങിക്കറുത്ത പെണ്ണിനേപ്പോലെ
നൊയ്യൽ

വണ്ടി നിറുത്തി
വഴിയരികിലെ പുല്ലിലേക്ക്‌
മൂത്രമൊഴിച്ചു
കരണ്ടു പാഞ്ഞപോലൊരു സുഖം
മൂത്രത്തിന്റെ
വില്ലിലൂടെ വളഞ്ഞ്‌
അടിവയറ്റിൽ തുളച്ചുകയറി
എനിക്കുള്ളിൽ
നൊയ്യൽ വിത്തുമുളച്ച്‌
പച്ച കനത്തു
അവളുടെ ചരിത്രവും
ഭാഷയും ദ്രാവിടമായ
ബലിഷ്ടതയിൽ കട്ടപിടിച്ചു.
ഒരു ഗ്രാമം എനിക്കുള്ളിൽ

കാങ്കയം വഴി
പരമത്തിക്കുപോകുമ്പോഴാണ്‌
നൊയ്യൽ

ഇന്നലെ രാത്രി
പനിച്ച്‌, അലറി ശർദ്ദിച്ചുപോയി
ചുറ്റും നൂറ്റാണ്ടുകളായി
ചവച്ചരച്ചു തിന്നതെല്ലാം
വഴുവഴുത്ത്‌ കിടന്നു
ഏറ്റവും ഒടുവിൽ നൊയ്യൽ
ഒരു ഗ്രാമം എന്റെ മുറിക്കുള്ളിൽ
തരിച്ചുപോയി

കുഞ്ഞു കുടിലുകൾ, കരിമ്പിൻ പാടം
കടും ചേലകൾ ഉണക്കാനിട്ട അയ,
കുഴൽക്കിണറിനു ചുറ്റും കൂട്ടം കൂടുന്ന
പെണ്ണുങ്ങൾ, എന്റെ മക്കളുടെ
ചിത്ര പുസ്തകങ്ങൾക്കു ചുറ്റും
കുഞ്ഞുങ്ങളുടെ വട്ടം, പുളിമരച്ചോട്ടിൽ
ചീട്ടുകളി, സൈക്കിൾ ബെല്ല്‌, തമിഴ്‌
നൊയ്യലിൽ നിന്നുള്ള റോഡ്‌
എന്റെ മുറിക്കുള്ളിൽ
മറുപിള്ള പോലെ
പിണഞ്ഞു വഴുവഴുത്ത്‌ നീണ്ടു

കണ്ണുകൾ മുറുക്കിയടച്ച്‌
എന്റെ ഗർഭപാത്രത്തിൽ
ഞാൻ ചുരുണ്ടു കിടന്നു

കാങ്കയം വഴി
പരമത്തിക്കുപോകുമ്പോഴാണ്‌
നൊയ്യൽ

നീട്ടിയടിച്ച ഒരു ഹോൺ
എന്റെ മുറിയെ വിറപ്പിച്ച്‌ കടന്നു പോയി
അകലെ നിന്നൊരു ലോറിയുടെ
വെളിച്ചം വഴിയരികിലെ
ബോർഡിൽ മിന്നിപ്പോയി

നൊയ്യൽ - 0 കി.മി.

Thursday, October 8, 2009

പാപം ചെയ്യാത്തവര്‍...

ഒരു ചരിത്രത്തിന്റെയും
വക്കുപോലും കടിക്കാൻ പറ്റാതെ
ജീവിച്ചുപോരുന്ന എനിക്കുമേൽ

അടിപ്പാവാടയുടെ
ചരടിൽ കോർത്തിട്ട എത്ര
ദിവ്യപ്രവർത്തികളാണ്‌ ക്ലാര
ഒറ്റ രാത്രികൊണ്ട്‌ ചൊരിഞ്ഞിട്ടത്‌

എന്നിട്ടും
ഒരു പുണ്യവാളനോ പ്രവാചകനോ
ആവണമെന്ന്‌ ഞാൻ ആഗ്രഹിച്ചില്ല

പിന്നീടൊരിക്കൽ
ഡ്രൈവർ ജോസഫുചേട്ടന്റെ
കഥകൾ കേട്ടപ്പോൾ
വീണ്ടും കൊതി തോന്നിയെന്നതു സത്യം

എങ്കിലും, അടക്കിപ്പിടിച്ച്‌
ഓരോ പുണ്യാത്മാവിനും
ഓരോ നിയമം എന്നാശ്വസിച്ച്‌
ഒരു ദീർഘ നിശ്വാസത്തിനുമേൽ
ചുരുണ്ടു കൂടിക്കിടന്നില്ലേ?

അപ്പോൾ
കെട്ടഴിഞ്ഞു ചിതറിയ
പുണ്യ പ്രവർത്തികളുടെ അവസാനം
ക്ലാരയെ പുണ്യവാളത്തിയെന്നു
പ്രഖ്യാപിക്കേണ്ടി വരുമ്പോൾ

സ്കൂളിൽനിന്നൊളിച്ചുപോയി
എരമല്ലൂർ ജോസിൽനിന്ന്‌
എട്ടു പ്രാവശ്യം കണ്ട
സിനിമയുടെ ചരിത്രത്തിൽ
എവിടെങ്കിലും ഞാൻ തന്നെ
എന്നെ ഒന്നു കോറിയിടേണ്ടതല്ലേ?


( പത്മരാജന്റെ തൂവാനത്തുമ്പികൾക്ക്‌...)

Saturday, October 3, 2009

പാതയെക്കുറിച്ച്‌ നിന്റെ ചിന്ത

[Ram Tzu (Wayne Liquorman) വിന്റെ YOU THINK OF THE PATH എന്ന കവിതയുടെ വിവര്‍ത്തനം...]


പാതയെക്കുറിച്ച്‌
മലമുകളിലേക്ക്‌ കയറാനുള്ള
നീണ്ടു ദുർഗ്ഗടമായത്‌
എന്നാവും നിന്റെ ചിന്ത

പല പാതകളുണ്ടാവാം
എന്നു ചിലപ്പോൾ നീ സമ്മതിച്ചേക്കാം
പക്ഷേ എല്ലാറ്റിനും
ഈയൊരു അവസാനം തന്നെയെന്ന്
നിനക്കു തീർച്ചയാണ്‌

റാംത്സുവിന്‌ ഇതറിയാം...

പല പാതകളുണ്ട്‌

അരുവികൾപോലെ
അനായാസമായി മലമുകളിൽനിന്ന്
(പലപ്പോഴും പക്ഷെ
അത്ര വേദനാശൂന്യമാവില്ലെങ്കിലും)
അവ താഴേക്ക്‌ ഒഴുകുന്നു

എല്ലാം
താഴ്വാരത്തെ മരുമണലിലേക്ക്‌
അപ്രത്യക്ഷമാകുന്നു.