Monday, November 23, 2009

കാട്‌ കാടാകുന്നതിനുപിന്നിൽ

കാട്‌ കാടാകുന്നതിനുപിന്നിൽ
ചെറിയ ചില കാറ്റുകൾ
കരിയിലകളിലൂടെ പായുന്ന ജീവൻ
വിശപ്പ്‌
പുൽച്ചാടി
പതുങ്ങിയെത്തുന്ന ഗർജ്ജനങ്ങൾ
ചിതറിവീഴുന്ന കിളിയൊച്ചകൾ
തൂവൽ, ഇരുട്ടും എട്ടുകാലികളും
ശബ്ദമില്ലാതെ മണ്ണിനും മരത്തിനും
പുറത്തേക്കു തെറിക്കുന്ന കൂണുകൾ
ഇന്നലെ മഴയത്ത്‌
ഇലകളിൽ തങ്ങിയ വെള്ളം തുള്ളിയിടുന്നത്‌
എല്ലാം ഭാരമില്ലാതെ
നിശബ്ദമാകുന്നതാണ്‌

ഇന്നലെ ഒറ്റയിരുപ്പിൽനിന്നെണീറ്റുപോയ
കരിങ്കൽ ദൈവം
കൈതൊട്ട്‌ തീപിടിപ്പിച്ചെടുക്കുവോളം
അസ്തമയംവരെ പച്ചയായും
പിന്നെ കറുത്തും
കാട്‌ കാടാകുന്നു

കാട്‌ കാടാകുന്നതിനുപിന്നിൽ
ഞാൻ നാടുകണ്ടതിന്റെ ഓർമയാണ്‌
അടുപ്പൂതിയൂതി ചുവന്ന കണ്ണുകളാണ്‌
ചെറിയ ചില കാറ്റുകൾ
ഇപ്പോഴും പടർത്തുന്ന മണങ്ങളും
രാത്രിയുടെ നീലിച്ച ശബ്ദങ്ങളുമാണ്‌

കാട്‌ കാടാകുന്നതിനുപിന്നിൽ
ചെരുപ്പത്തിൽ കണ്ട നീലപാവാടയും
പിണഞ്ഞ കാലുകളും കിതപ്പുമാണ്‌
എല്ലാം ഭാരമില്ലാതെ
നിശബ്ദമാകുന്നതാണ്‌

http://boolokakavitha.blogspot.com/2009/11/blog-post_4878.html

Friday, November 20, 2009

നിശ്ശബ്‌ദലോകം

[ Jeffrey McDaniel (1967 / Philadelphia, Pennsylvania) എഴുതിയ The Quite World എന്ന കവിതയുടെ വിവര്‍ത്തനം. ]

കണ്ണിൽകണ്ണിൽ നോക്കിയിരുപ്പ്‌
ശീലിപ്പിച്ചെടുക്കാൻ
സർക്കാർ ഓരോ ആൾക്കും
ദിവസം ഉപയോഗത്തിന്‌
നൂറ്റി അറുപത്തേഴുവാക്ക്‌
എന്നു നിശ്ചയിച്ചു

ഫോണടിച്ചാൽ, ഹലോ പറയാതെ
ഞാനത്‌ കാതോടുചേർക്കും
റസ്റ്റോറന്റിൽ ചിക്കൻ നൂഡിൽ
സൂപ്പിനുനേരേ വിരൽ ചൂണ്ടും
പുതിയ വഴിയിലേക്ക്‌ ഞാനിണങ്ങിക്കഴിഞ്ഞു

അർദ്ധരാത്രി, അതിദൂരെയുള്ള
കാമുകിയോട്‌, ഇന്നു ഞാൻ ആകെ
അമ്പത്തൊമ്പത്‌ വാക്കു മാത്രമേ
ഉപയോഗിചുള്ളുവെന്ന് ഊറ്റംകൊണ്ടു
ബാക്കി നിനക്കുവേണ്ടി ബാക്കിവച്ചതാണ്‌

അവൾ മറുപടി പറയാതിരിക്കുമ്പോൾ
എനിക്കറിയാം, അവളുടെ മുഴുവൻ
വാക്കുകളും ഉപയോഗിച്ചു തീർന്നുവെന്ന്

ഞാൻ പതിയെ 'ഐ ലവ്‌ യു' എന്ന്
ഫോണിൽ മുപ്പത്തി മൂന്നുപ്രാവശ്യം മന്ത്രിച്ചു
ശേഷം, ഞങ്ങൾ പരസ്പരം
നിശ്വാസങ്ങൾ മാത്രം കേട്ട്‌ അങ്ങനെയിരുന്നു.


http://boolokakavitha.blogspot.com/2009/10/blog-post_1723.html

Saturday, November 14, 2009

നിശബ്ദം

എത്തിച്ചേർന്ന
കുന്നിന്റെ നെറുകയിൽ
നടപ്പാതയുമവളുമൊപ്പം
നിശബ്ദതയിൽ
പൊതിഞ്ഞ
സ്മരണകൾ പോലെ നിന്നു

കുന്നിന്റെ താഴ്‌വാരങ്ങളിൽ
അതിന്റെ വായിൽനിന്നടർന്ന
വാക്കുകൾ പോലെ
ചിതറിക്കിടക്കുന്ന
പാറകള്‍

എന്നും കാണാറുള്ള
ഒരു കാറ്റ്‌
പെട്ടെന്ന്
നടപ്പാതയുടെ കൈവിടുവിച്ച്‌
അവളേയും കൊണ്ട്‌
കുന്നിന്റെ
കൗതുകമാർന്ന
ആഴങ്ങളിലേക്കു പോയി

കാറ്റ്‌
തിരികെ കൊണ്ടുവരുന്ന
അവളെയും കാത്ത്‌
നടപ്പാതയിന്നും
അവിടെനിൽപ്പാണ്‌

Friday, November 6, 2009

കൊച്ചിയിലെ തെരുവുകള്‍

അന്ന്‌കൊച്ചിയിലെ
തെരുവുകൾ
ഇത്ര വിടർന്നത്‌
എങ്ങനെന്നറിയില്ല

ബസ്സ്സ്റ്റാന്റിനു മുന്നിൽ
തട്ടുകടകൾ
അപ്പുറം കാണാത്ത
കടലുപോലെന്ന്‌ അവൾ
ഓരോ വണ്ടിപ്പുറത്തും
എത്ര മീനുകൾ
എല്ലാം
ഒരൊറ്റ നിയോൺ വെളിച്ചത്തിൽ
മൊരിഞ്ഞു കിടക്കുന്നു

കടപ്പുറത്ത്ന്ന്‌
ഷൂസിൽ കയറിയ മണ്ണ്‌
കരകര എന്ന്‌
കാലിനെ വേദനിപ്പിക്കുന്നുണ്ട്‌
ഹൈഹീൽഡ്‌
ഇടക്കൊന്നു തെന്നുമ്പോൾ
അവൾ
എന്റെ കൈയിൽ
അമർത്തിപിടിക്കും
നിയോൺ സ്പോട്ടിൽ
ഒരു നൃത്തം പോലെ

കോട്ടയത്തേക്കുള്ള
ബസ്സ്‌ വരും
അതിൽ അവളു കേറിയാൽ
പിന്നീടുവരുന്ന
തിരുവനന്തപുരം ബസ്സിൽ
ഞാൻ നാട്ടിലേക്ക്‌
പടച്ചവന്റെ ആകാശത്തിനു കീഴെ
കറുത്തുപായുന്ന റോഡിൽ
കുലുങ്ങിതെറിച്ച്‌
ഉറക്കത്തിലും ഉണർച്ചയിലും

ഒന്നിലും
ഞാനറിഞ്ഞില്ലല്ലോ
നിന്റെയുള്ളിൽ
ഉരുകിമറിഞ്ഞ ഒരു കടൽ
എന്റെ ചുണ്ടുകൾ
കപ്പലുപോലെ നിന്റെ വയറ്റത്ത്‌
നങ്കൂരമിട്ടപ്പോൾ
ഉൾക്കലിൽ തിളങ്ങിമറിയുന്ന
മീങ്കൂട്ടങ്ങളുടെ പിടച്ചിലുണ്ടായിരുന്നോ

അന്ന് തെരുവുകൾ
ഇത്ര വേഗം ഉറക്കമായോ
അകൽച്ചയുടെ വേഗം
അവയെ കണ്ണുകെട്ടിയോ

ഓറഞ്ചു വെളിച്ചത്തിൽ
മൊരിഞ്ഞു കിടക്കുന്ന
മീനുകളേ
നക്ഷത്രങ്ങൾ
എഴുന്നേറ്റുപോയ
ആ നിമിഷത്തിലെങ്ങാൻ
നിങ്ങൾ കണ്ടിരുന്നോ
എനിക്കു പിറകിൽ
പരന്നു പടർന്ന
ഒരു കറുത്ത ആകാശം