Thursday, September 17, 2009

എല്ലാ പ്രഭാതങ്ങളിലും ആയിരക്കണക്കിന് മാലാഖമാരെ കൊന്നതിനു ശേഷം

ജാപ്പാനീസ് കവി റൈയൂച്ചി താമുറയുടെ കവിത

1
ഞാന്‍ ഒരു കുട്ടിയുടെ
“എല്ലാ പ്രഭാതങ്ങളിലും ആയിരക്കണക്കിന്
മാലാഖമാരെ കൊന്നതിനു ശേഷം ”എന്ന
കവിത വായിച്ചു.
കവിത ഞാന്‍ മറന്നു.,പക്ഷേ തലക്കെട്ട്
എന്നെ ഉപേക്ഷിച്ചു പോവുന്നില്ല.
ഞാന്‍ കുറച്ച് കാപ്പി കുടിച്ചു.
ലക്ഷക്കണക്കിനാളുകള്‍ വായിച്ച ഒരു പത്രം വായിച്ചു.
എല്ലാ ദുരിതങ്ങളും ലോകത്തിലെ എല്ലാ നാശവും
തലവാചകങ്ങളിലും ആകര്‍ഷക വാക്യങ്ങളിലും
പറ്റമായി അടുക്കിയിരിക്കുന്നു.
എനിക്ക് വിശ്വാസയോഗ്യമായ ഒരേയൊരു ഭാഗം
സാമ്പത്തിക പേജ് മാത്രമാണ്.

2
ആ കുട്ടിയുടെ പ്രഭാതങ്ങളും
എന്റെ പ്രഭാതങ്ങളും-
എപ്രകാരമാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്?

3
പക്ഷേ ആ കുട്ടിക്ക് മാലാഖമാരുടെ മുഖങ്ങള്‍ കാണാം.

4
അവരെ കൊന്നതിനു ശേഷം
നീയെന്താണ് ചെയ്യാറുള്ളത്?
ഞാന്‍ പുറത്ത് നടക്കാനിറങ്ങും.
എവിടെ?
വലിയ പാലം മുകളിലുള്ള
ഒരു നദിയിലേക്ക്.

എല്ലാ പ്രഭാതത്തിലും?
എല്ലാ പ്രഭാതത്തിലും എന്റെ കൈകള്‍ രക്തത്താല്‍
നനഞ്ഞിരിക്കുമ്പോള്‍ തന്നെ.

5
എനിക്ക് ആയിരക്കണക്കിന് മാലാഖമാരെ
കൊല്ലാന്‍ കഴിയില്ല.
പക്ഷേ ഒരു വരണ്ട പാതയിലൂടെ
കടല്‍ക്കരയിലേക്ക് ഞാന്‍ നടന്നു.
ചൂടുറ്റ ആകാശം ഇപ്പോഴും
വിയര്‍ത്ത ചുഴലിമേഘങ്ങള്‍ നിറഞ്ഞതാണ്.
കടലിന്റെ പിന്നീടുണ്ടായ നിറംവീഴ്ച്ച
ചക്രവാളത്തിലെ വേനല്‍ ആയിരുന്നില്ല.
ഇരുളിന്റെ എക്കലടിഞ്ഞ സ്ഥലങ്ങളിലൂടെ
ചെറിയ അരുവികള്‍ ഒഴുകുന്നു.
ക്ഷീണിച്ച സൂക്ഷ്മ തന്തുക്കള്‍
എന്റെ നേര്‍ത്ത കൈകളില്‍ പൊന്തിക്കിടക്കുന്നു.
ഒരു വലിയ പാലം നങ്കൂരമുറപ്പിക്കുന്നതിന്
ഇതിലിടമില്ല.

6
പാലത്തിന്റെ ഈയറ്റത്തെ നട്ടുച്ച
സര്‍വവും തിളങ്ങുന്നു.
ഷര്‍ട്ടിന്റെ ബട്ടനുകള്‍
ദ്രവിച്ച പല്ല്
ഒരു എയര്‍ റൈഫിള്‍
നിറമുള്ള ചില്ലു കഷ്ണം
പിങ്കു നിറത്തിലെ പുറന്തോട്
കടല്‍പ്പായലിന്റെ ഗന്ധങ്ങള്‍
നദീജലം സമുദ്രവുമായി ചേരുന്നത്
മണല്‍
കൂടാതെ
അത്രയും ദൂരെ
എന്റെ കാല്‍പ്പാടുകള്‍ പോലെ.

7
ഇനി എന്റെ ഊഴമാണ്
നിന്നോട് ലോകത്തെക്കുറിച്ച് ഞാന്‍ പറയാം
പാലത്തിന്റെ അങ്ങേയറ്റത്ത്
നിഴല്‍ ലോകം
വസ്തുക്കളും ആശയങ്ങളും പൂര്‍ണമായും നിഴല്‍ മാത്രം.
നിഴലുകള്‍ നിഴലുകളെ തിന്നുന്നു,
പടരുന്നു,ക്യാന്‍സര്‍ കോശങ്ങളെപ്പോലെ
ചുറ്റിലും പ്രസരിക്കുന്നു.
മുങ്ങിച്ചത്ത ശരീരങ്ങളിലെ ചീയുന്ന അവയവങ്ങള്‍
പച്ചച്ചിന്തകള്‍ ചീര്‍ത്ത് പുറത്തേക്ക് തള്ളുന്നു.
മധ്യകാല ചന്തകള്‍ കച്ചവടക്കാരേയും വേശ്യകളേയും
സന്യാസിമാരേയും കൊണ്ട് ഇളകിമറിയുന്നു.
പൂച്ചകള്‍ ആടുകള്‍ പന്നികള്‍ ,കുതിരകള്‍, പശുക്കള്‍
എല്ലാത്തരം മാംസങ്ങളും അറവുശാലകളില്‍ തൂങ്ങുന്നു.
പക്ഷേ ഒരിടത്തും രക്തം കാണാനില്ല.


8
അപ്പോള്‍,
ആയിരക്കണക്കിന് മാലാഖമാരെ കൊന്നില്ലെങ്കില്‍
എനിക്ക് പാലം കാണാന്‍ കഴിയില്ലേ?


9
എന്റെ കാമത്തെ പ്രധാനമായും-
ഉത്തേജിപ്പിക്കുന്ന കാഴ്ച്ചയേതാണ്?
കാലം അപ്രത്യക്ഷമായിക്കഴിഞ്ഞു.
സവാരിക്കാരനില്ലാത്ത ഒരു കറുത്തകുതിര
വെളിച്ചത്തിന്റെ ലോകത്തെ മുറിച്ചുകടക്കുന്നു.
പതിയെ,നിഴലുകളുടെ ലോകത്തിലേക്കാണെങ്കിലും
ക്ഷീണിച്ച്,അതു വീഴുന്നു.
കരയുന്ന മൃഗത്തിന്റെ കണ്ണീര്‍,പക്ഷേ ദ്രവിക്കല്‍
തിളക്കമാര്‍ന്ന് നേരിട്ട് എല്ലിലേക്കെത്തുന്നില്ല.
ശുദ്ധമായ വെളുത്ത എല്ല്
പിന്നെ ഭൂമിയിലേക്ക്.
വീണ്ടും പ്രഭാതം എത്തുന്നു.
എനിക്ക് പുറത്തു പോവണം,ജീവിക്കണം.
ആയിരക്കണക്കിന് മാലാഖമാരെ
കൊന്നതിനു ശേഷം.

കവി-റൈയൂച്ചി താമുറ,ജപ്പാന്‍
(Every morning after killing thousands of Angels
-Ryuichi Tamura)

0 അഭിപ്രായങ്ങള്‍:

Post a Comment