[ Wislawa Szymborska എഴുതിയ Conversation With A Stone എന്ന കവിതയുടെ വിവര്‍ത്തനം. ]
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
എനിക്ക് ആ ഉള്ളൊന്നു കാണണം
നിന്റെ ഗന്ധം കൊണ്ടു നിറയണം."
"ദൂരെ പോ," കല്ല് പറയുകയാണ്
"ഞാൻ മുറുകിയടഞ്ഞിരിക്കുകയാണ്
നീയെന്നെ ചെറുതുണ്ടങ്ങളാക്കി നുറുക്കിയാലും
ഞങ്ങളെല്ലാവരും അടഞ്ഞുതന്നെയിരിക്കും
നിനക്ക് ഞങ്ങളെ പൊടിച്ചു മണലാക്കാം
അപ്പോഴും നിന്നെ ഞങ്ങൾ അകത്തു വിടില്ല."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
അടക്കാനാവാത്ത ആകാംക്ഷകൊണ്ടു വന്നതാണ്
ജീവിതത്തിനുമാത്രമേ അത് ശമിപ്പിക്കാൻ കഴിയൂ
എനിക്ക് നിന്റെ കൊട്ടാരത്തിലൂടൊന്നു ചുറ്റണം
എന്നിട്ടുവേണം ഇതുപോലെ ഇലയോടും
വെള്ളത്തുള്ളിയോടും ഒന്നു ചോദിക്കാൻ
എനിക്ക് അധികം സമയമില്ല
എന്റെ നശ്വരതക്കു നിന്നെ തൊടണം".
"എന്നെ കല്ലുകൊണ്ടുണ്ടാക്കിയതാണ്." കല്ല് പറയുകയാണ്,
"അതുകൊണ്ടുതന്നെ മുഖം കടുപ്പിച്ചു പിടിക്കണം.
പൊയ്ക്കൊളൂ
എനിക്കു ചിരിക്കാനുള്ള പേശികളില്ല."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
മറക്കപ്പെട്ട്, സൗന്ദര്യം നിഷ്ഫലമായിക്കിടക്കുന്ന,
ആരുടേയും കാലൊച്ചകൾ മാറ്റൊലിക്കാത്ത,
നിശബ്ധമായ, ഒഴിഞ്ഞ, ഗംഭീരൻ തളങ്ങൾ
നിന്റെ ഉള്ളിലുണ്ടെന്നു ഞാൻ കേൾക്കുന്നു.
നിനക്കുതന്നെ അവയെക്കുറിച്ച് നന്നായൊന്നും
അറിയില്ലായെന്ന് സമ്മതിച്ചോളൂ."
"ഗംഭീരം, ശൂന്യം. ശരിതന്നെ," കല്ല് പറയുകയാണ്
"പക്ഷെ അവിടെ ഇടമില്ല.
സുന്ദരം, ശരിയായിരിക്കാം, പക്ഷെ
നിന്റെ ഇന്ദ്രിയങ്ങൾക്ക് അത് ആസ്വദിക്കാനുള്ള ശക്തി പോര.
നിനക്കെന്നെ അറിയാമായിരിക്കാം, പക്ഷെ ഒരിക്കലും
മുഴുവൻ എന്നെ മനസിലാക്കാൻ നിനക്കു കഴിയില്ല.
എന്റെ പുറം നിനക്കുനേരേ തിരിഞ്ഞിരിക്കും,
എന്റെ ഉള്ളുമുഴുവൻ നിനക്കെതിരെയും."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
അനശ്വരതയിലേക്കുള്ള അഭയം അന്വേഷിക്കാനല്ല,
ഞാൻ അസന്തുഷ്ടയല്ല, ദരിദ്രയല്ല,
എന്റെ ലോകം മടങ്ങിയെത്താൻ മാത്രം വിലയുള്ളതുമാണ്.
വെറും കൈയോടെ അകത്തു വരികയും
പുറത്തിറങ്ങുകയും ചെയ്യാം.
അവിടെ വന്നതിനു തെളിവ്
ആരും വിശ്വസിക്കാത്ത എന്റെ വാക്കുകൾ മാത്രമായിരിക്കും."
"നീ അകത്തേക്കു കടക്കണ്ട" കല്ല് പറയുകയാണ്.
നിനക്ക് പങ്കുചേരലിന്റെ പൊരുളറിയില്ല
നിന്റെ മറ്റൊരു കാഴ്ച്ചപ്പാടിനും ഇതിനു പകരമാവാൻ പറ്റില്ല
നിന്റെ വീക്ഷണം എത്ര ഉന്നതമായാലും
പങ്കുചേരലിന്റെ പൊരുളറിയാതെ അത് നിനക്കൊന്നും നേടിത്തരില്ല.
നിനക്ക് ആ അറിവ് എന്തായിരിക്കണം എന്നതിന്റെ ധാരണ മാത്രമേയുള്ളു,
അതിന്റെ വിത്ത് മാത്രം, ഭാവന."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
എനിക്കിനി രണ്ടായിരം നൂറ്റാണ്ടുകൾ സമയമില്ല,
എന്നെ നിന്റെ മേൽക്കൂരക്കുകീഴിലൊന്നു കടക്കാനനുവദിക്കൂ."
നിനക്ക് എന്നെ വിശ്വസമില്ലെങ്കിൽ," കല്ല് പറയുകയാണ്,
"ഇലയോടു ചോദിക്ക്, അതും ഇതുതന്നെ പറയും.
ഒരു തുള്ളി വെള്ളത്തോടു ചോദിക്ക്, ഇല പറഞ്ഞതു തന്നെ പറയും.
ഒടുക്കം നിന്റെ മുടിനാരിനോടു ചോദിക്ക്.
ഞാൻ പൊട്ടിച്ചിരി നിറഞ്ഞ് ഉടഞ്ഞുചിതറാറായി,
അതെ , പൊട്ടിച്ചിരി തന്നെ, അടക്കാനാവാത്ത പൊട്ടിച്ചിരി,
എനിക്ക് എങ്ങനെ ചിരിക്കണം എന്നറിയില്ലെങ്കിലും."
ഞാൻ കല്ലിന്റെ വാതിലിൽ മുട്ടി
"ഇതു ഞാനാണ്, അകത്തേക്കു വന്നോട്ടേ?"
"എനിക്ക് ഒരു വാതിലില്ല," കല്ല് പറയുകയാണ്.